മിക്കി മൗസും സ്പൈഡർമാനും കോടതിമുറിയിൽ; എറണാകുളം POCSO കോടതി ഇനി ശിശു സൗഹൃദം
സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനം തുടങ്ങി.
നവീകരിച്ച പോക്സോ കോടതി മുറിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ നിർവ്വഹിച്ചു. മന്ത്രി വീണാ ജോർജ് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.
ഇരുട്ടു നിറഞ്ഞ കോടതി മുറിക്കു പകരം മിക്കി മൗസും സ്പൈഡർമാനും ഛോട്ടാ ഭീ മുമൊക്കെ ചേർന്നു നിന്ന് കഥ പറയുന്നിടം. കുഞ്ഞു മനസ്സുകൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ നീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിന്റെ നിയമരംഗത്തെ എണ്ണം പറഞ്ഞ നേട്ടമായി മാറി അത്.
കുട്ടികൾ പോക്സോ കോടതികളിൽ വരേണ്ടി വരുന്നതിന്റെ കാരണം സമൂഹം വിസ്മരിക്കരുതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ കോടതി മുറി ഉത്ഘാടനംചെയ്തുകൊണ്ട് പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോടതിമുറികൾ പരിഷ്കരിച്ചാൽ മാത്രം പോര അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി പരിഹാരം കാണേണ്ടത് കുടി സംവിധാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പോക്സോ കോടതികളും ശിശു സൗഹൃദം ആക്കണം എന്നാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്നുംകുട്ടികളെ ഇവിടേക്ക് എത്തിക്കാത്തിരിക്കാൻ പൊതുബോധം ഉണരണമെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.
കോടതി മുറിയിൽ എത്തുന്ന കുട്ടികൾ പ്രതിയെ കാണാതിരിക്കാനുള്ള ക്രമീകരണങ്ങളടക്കം ശിശു സൗഹൃദ പോക്സോ കോടതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മനസ്സിനേറ്റ മുറിവിന്റെ കാഠിന്യം കുറച്ച് അവരെ മുഖ്യധാരയുടെ ഭാഗമാക്കാൻ ഇത്തരത്തിലുള്ള കോടതിമുറികൾക്കു കഴിയട്ടെ എന്നും ചടങ്ങിലെത്തിയ മന്ത്രി വീണ് ജോർജ് പറഞ്ഞു.
Content Highlights: Ernakulam POCSO Court Child Friendly