മെട്രോയുടെ പത്തടിപ്പാലത്തെ ചരിഞ്ഞ തൂൺ ബലപ്പെടുത്തി; സർവീസ് വീണ്ടും വേഗമാർജിക്കും; ഇനിമുതൽ ഏഴര മിനിറ്റിൽ ഒരു ട്രെയിൻ
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347 ആം നമ്പർ തൂണിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി ഇതോടെ ആലുവ മുതൽ പേട്ട വരെയുള്ള സർവീസുകൾ ഉടൻ പഴയ രീതിയിലാകും.
ചൊവ്വാഴ്ച മുതൽ ആലുവയിലേക്കോ പേട്ടയിലേക്കോ പുറപ്പെടുന്ന ട്രെയിനുകൾക്കായി പത്തടിപ്പാലം സ്റ്റേഷനിൽ 20 മിനിറ്റ് കാത്തിരിക്കേണ്ടിവരില്ല. എല്ലാ സ്റ്റേഷനിൽ നിന്നും ഓരോ ഏഴര മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ അറിയിച്ചു.
കൂടാതെ അറ്റകുറ്റപ്പണികൾ കണക്കിലെടുത്ത് കൊച്ചിൻ യൂണിവേഴ്സിറ്റി, പത്തടിപ്പാലം സ്റ്റേഷനുകൾക്കിടയിൽ ഏർപ്പെടുത്തിയ വേഗപരിധി ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിലാണ് പത്തടിപ്പാലത്തിന് സമീപം മെട്രോ തൂണിന്റെ ചെറിയ ചരിവ് ശ്രദ്ധയിൽപ്പെട്ടത്. അതേ ആഴ്ച തന്നെ കെഎംആർഎൽ തൂണിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിരുന്നു. അതിനുശേഷം, ഈ റൂട്ടിൽ ഓടിയിരുന്ന ട്രെയിനുകളുടെ ഇടവേള വർധിക്കുകയും വേഗത കുറയുകയും ചെയ്തത് സ്ഥിരം യാത്രക്കാരെ വലച്ചിരുന്നു.