ആദായകനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ്; പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം
ആദായകനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍ കവര്‍ച്ച നടത്തി. വീട്ടില്‍ നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും മോഷ്ടിച്ചു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയുടെ വീട്ടിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. ഞാറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
നാലസംഘം ആളുകള്‍ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഫോണില്‍ ചില രേഖകള്‍ കാണിച്ചെന്നും സഞ്ജയുടെയും ഭാര്യയുടെയും ഫോണുകള്‍ വാങ്ങിവെച്ചുവെന്നും ഇവര്‍ പറയുന്നു. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും എടുത്തു. വീട്ടുകാരുടെ തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈക്കലാക്കിയിരുന്നു.
ആദായനികുതി ഓഫീസില്‍ വന്നാല്‍ പിടിച്ചെടുത്തവ വിട്ടു നല്‍കാമെന്ന് പറയുകയും പോകാന്‍ നേരം സിസിടിവിയുടെ ഡിവിആര്‍ ചോദിച്ചു മേടിക്കുകയും ചെയ്തത് വീട്ടുകാരില്‍ സംശയമുണര്‍ത്തി. നാലംഗസംഘം പോയപ്പോള്‍ തന്നെ ആലുവ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരാണ് വീട്ടില്‍ എത്തിയതെന്ന് മനസിലാക്കിയത്.
Content Highlights – Disguised as Income Tax Officer, Fake Raid and Robbed the house, Aluva, Kerala Police