വസ്തുതാവിരുദ്ധമായ ആരോപണം; ഡെപ്യൂട്ടി സ്പീക്കർക്കെതിരെ എൽഡിഎഫിന് പരാതിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
വസ്തുതാവിരുദ്ധമായ ആരോപണം ഉയർത്തിയെന്ന് കാണിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ എൽഡിഎഫ് നേതൃത്വത്തിന് പരാതിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രി കൂടിയോലോചനകൾ നടത്താതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി ചിറ്റയം ഗോപകുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു.
ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചാൽ കിട്ടില്ലെന്നും ജില്ലയിലെ വികസനപദ്ധതികളിൽ മന്ത്രിക്ക് അവഗണനയുണ്ടെന്നും ചിറ്റയം പറഞ്ഞിരുന്നു. ഇടത് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് തന്നെ ക്ഷണിക്കാത്തതും ചിറ്റയം ഗോപകുമാറിനെ ചൊടിപ്പിച്ചു. ഇതേ തുടർന്നുമാണ് ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനം ഉയർത്തിയത്.
എന്നാൽ ഈ സംഭവം വസ്തുതാ വിരുദ്ധമാണെന്ന നിലപാടിലാണ് വീണാ ജോർജ്. ഫോൺ എടുത്തില്ലെന്ന ആരോപണം തെറ്റാണെന്നും ഗോപകുമാറിന്റെ ഫോൺ രേഖ പരിശോധിക്കണമെന്നും മന്ത്രി പരാതിയിൽ പറയുന്നു. ഗോപകുമാർ രാഷ്ട്രീയമര്യാദ പാലിച്ചില്ല. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. തനിക്ക് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പരസ്യമായി നൽകിയെന്ന പരാതിയാണ് മന്ത്രി എൽഡിഎഫ് നേതൃത്വത്തിന് നൽകിയത്.
Content Highlight – False allegations; Health Minister Veena George has lodged a complaint with the LDF against the Deputy Speaker