പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ അച്ഛന് കസ്റ്റഡിയില്‍
ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ അച്ഛന് കസ്റ്റഡിയില്‍. പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പത്തു വയസുകാരനായ കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നാണ് വിവരം. പള്ളുരുത്തിയില്‍ കുട്ടിയുടെ വീടിന് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
വിദ്വേഷ മുദ്രാവാക്യം വിവാദമായതിന് പിന്നാലെ കുട്ടിയെയും കുടുംബത്തെയും കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ പിതാവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പോലീസ് നല്കുന്ന സൂചന. മുദ്രാവാക്യം വിളിക്കുന്നതില്‍ ഉള്‍പ്പെടെ കുട്ടിക്ക് പരിശീലനം നല്‍കിയതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉള്‍പ്പെടെ ഉണ്ടായതിനാല്‍ കുട്ടിക്കു വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.
കേസില്‍ മൂന്നു പേര് കൂടി കസ്റ്റഡിയിലായിട്ടുണ്ട്. കുട്ടിയെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ നേതൃത്വം നല്കിയ പോപ്പുലര്‍ ഫ്രണ്ട് മരട്, പള്ളുരുത്തി മണ്ഡലം പ്രതിനിധികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയിലാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടിയെ തോളിലെടുത്ത ഈരാറ്റുപേട്ട സ്വദേശിയുള്‍പ്പെടെ 20ലേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Father of PFI Rally boy detained in hate slogan case