ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസ്; നാല് പേര് കസ്റ്റഡിയില്‍
മരോട്ടിച്ചോടില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച നാല് പേര് പിടിയില്‍. മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപറമ്പില്‍ കിഷോര്‍ (40), തുറവൂര്‍ തെക്കിനേടത്ത് സനു (34), ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജു (26), തുറവൂര്‍ തേലപ്പിള്ളയില് ജോബി (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൈനാടത്ത് ദേവസിക്കുട്ടി എന്നയാളുടെ കൈയ്യില്‍ നിന്നാണ് സ്വര്‍ണ്ണാഭരണവും പണവും മോഷ്ടിച്ചത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്.
വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന കടയുടമയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കണ്ണില്‍ മുളക് പൊടി വിതറുകയും ചെയ്ത് മോഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കാലടി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം ഉരുക്കിയ നിലയില്‍ പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ കിഷോര്‍ ഇരുപതോളം കേസില്‍ പ്രതിയാണ്.
എസ്.എച്ച്.ഒ അരുണ്‍ കെ.പവിത്രന് എസ്.ഐമാരായ ടി.ബി ബിബിന്‍, വിപിന്‍.പി.പിള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.പി അനില്‍കുമാര്‍, മനോജ് കുമാര്‍, ഷിജോ പോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights – Theft, Four persons arrested for attacking hotel owner and stealing gold and cash