ഗാന്ധിയൻ പത്മശ്രീ പി ഗോപിനാഥൻ നായർ അന്തരിച്ചു
സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന് നായര്‍ (100) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗാന്ധിയൻ ആദർശങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് 2016-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
വളരെ ചെറുപ്പില് തന്നെ ഗാന്ധിയെ നേരില്കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് സ്വാതന്ത്യ സമരത്തിലടക്കം പങ്കെടുത്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഗോപിനാഥന് നായര്‍.
1922 ജൂലായ് ഏഴിന് എം പത്മനാഭ പിള്ളയുടെയും കെ പി ജാനകി അമ്മയുടെയും മകനായി നെയ്യാറ്റിന്‍കരയിലായിരുന്നു ജനനം. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു.
വിഭജനകാലത്ത് സമാധാനദൗത്യം ഏറ്റെടുത്ത് രാജ്യമെങ്ങും സഞ്ചരിച്ചു. മാറാട് കലാപ സമയത്ത് ഗോപിനാഥന് നായര്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ ശ്രദ്ധേയമായി. കലാപ സമയത്ത് സര്‍ക്കാരിന്റെ മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നു.
1961-ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരക നിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തെത്തി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചിട്ടുണ്ട്. 1995 മുതല്‍ 2000 വരെ ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായ സേവാഗ്രാമിന്റെ അധ്യക്ഷനായി.
ഭൂദാനയജ്ഞത്തിന് നേതൃത്വം നല്കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന് നായര്‍ പങ്കെടുത്തു.
Content Highlights – Gandhian Padma Shri P Gopinathan Nair passed away