KSRTC ക്ക് നല്ലകാലം വരും… ഗണേഷ്കുമാർ മന്ത്രിയാകും
കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേശ്കുമാർ മന്ത്രിസ്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. മന്ത്രിസഭാ തീരുമാനങ്ങളിൽ അടക്കം ഗണേശ്കുമാർ വിമർശിച്ചു തുടങ്ങിയതോടെ ഭരണപക്ഷത്തിനകത്ത് ഗണേശനെതിരെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലനിന്നിരുന്നു..അതേതുടർന്നാണ് അദ്ദേഹം മന്ത്രിയാകുമോ ഇല്ലയോ എന്ന വിധത്തിൽ ചോദ്യങ്ങളും ഉയർന്നു വന്നത്.. ഇതിനിടെ ഗതാഗത വകുപ്പാണ് തനിക്ക് ലഭിക്കുന്നതെങ്കിൽ സ്ഥാനം ഏറ്റെടുക്കില്ലന്ന വിധത്തിലും വാർത്തകൾ വന്നിരുന്നു. ഇത്തരം പ്രചരണങ്ങളെ തീർത്തും തള്ളിക്കളയുകയാണ് ഗണേശ്കുമാർ.
ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്നാണ് കെ ബി ഗണേശ് കുമാർ എംഎൽഎ ഇപ്പോൾ പ്രതികരിക്കുന്നത്. അത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. എൽഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്തിട്ടില്ല. എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്. നവംബറിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചർച്ച നടത്തേണ്ട കാര്യമില്ലെന്നുമാണ് കെ.ബി ഗണേശ്കുമാർ പറഞ്ഞത്.
മന്ത്രിസ്ഥാനം സംബന്ധിച്ച വിവരം പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല, പിന്നീട് നടന്ന ഇടത് മുന്നണി യോഗത്തിലും ഇക്കാര്യം പാർട്ടി സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. മുന്നണിയിലെ ധാരണ പ്രകാരം ജനാധിപത്യ കേരള കോൺഗ്രസുമായാണ് കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം മന്ത്രിസ്ഥാനം പങ്കിടേണ്ടത്. അതിനിടെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎമ്മിലോ മുന്നണിയിലോ ചർച്ചയൊന്നും തുടങ്ങാത്തതിനാൽ ആവശ്യം ഉടൻ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തലെന്ന നിരീക്ഷണങ്ങളും ഉയർന്നിരുന്നു. ഗണേശിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ട്. നിയമസഭയിൽ പോലും സർക്കാരിനെതിരെ ഗണേശ് സംസാരിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇത്. മന്ത്രിമാരെ വേദിയിൽ ഇരുത്തി പരിഹസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഗണേശ് വിഷയത്തിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ എന്നുറപ്പാണ്..
മന്ത്രിസഭയ്ക്ക് രണ്ടരവർഷമാകാൻ ഇനിയും മാസങ്ങളുണ്ട്. അതിനിടെ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും വന്നേക്കാം. അങ്ങനെയെങ്കിൽ പുനഃസംഘടനയ്ക്ക് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യതയുള്ളൂ. മാസങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേശ്കുമാർ വിമർശനം ഉന്നയിക്കുന്നുമുണ്ട്. ഇതിൽ അമർഷമുണ്ടെങ്കിലും സിപിഎം. പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല. എൻ എസ് എസിലെ സിപിഎം വിരുദ്ധ നീക്കങ്ങളിലും ഗണേശിനെ സിപിഎം പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇതിനിടെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിലേക്ക് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധുവിന്റെ ഒഴിവിൽ ഗണേശ്കുമാർ വന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിശ്വസ്തനാണ് ഗണേശ്. എന്നാൽ ഇടതു സർക്കാരിന് സുകുമാരൻ നായരോടുള്ള അതൃപ്തി വളരെ വ്യക്തവുമാണ്. എൻ.എസ്.എസിന്റെ തണലിൽ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേശ്കുമാർ ശ്രമിക്കുന്നതെന്ന പ്രചാരണവും നിലനിന്നിരുന്നൂ..
എൽ.ജെ.ഡി. ഒഴികെയുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള സർക്കാർ രൂപവ്തകരണത്തിനാണ് ഇടതുമുന്നണി നേരത്തെ തീരുമാനിച്ചത്. ഒന്നിലധികം അംഗങ്ങളുള്ള കക്ഷികൾക്കെല്ലാം അഞ്ചുവർഷവും, ഓരോ അംഗങ്ങൾ മാത്രമുള്ള കക്ഷികൾ രണ്ടരവർഷം കൂടുമ്പോൾ പങ്കിട്ടെടുക്കുന്ന വിധവുമാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചത്. ഇതനുസരിച്ച്, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), ഐ.എൻ.എൽ. എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. ഐ.എൻ.എൽ. മന്ത്രിസ്ഥാനം കോൺഗ്രസ്-എസിനാണ് കൈമാറേണ്ടത്.അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം ലഭിക്കും.