സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ വരുന്നു; ഉത്തരവ് പുറത്തിറങ്ങി
സംസ്ഥാനത്ത് പുതിയ മദ്യവില്പന ശാലകള്‍ തുറക്കുന്നു. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വില്പനശാലകള് തുറക്കുന്നതെന്നാണ് സൂചന. നേരത്തേ പൂട്ടിപ്പോയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി തുറക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വോക് ഇന്‍ സൗകര്യമുള്ള ഔട്ട്ലെറ്റുകളായിരിക്കും തുറക്കുക. എന്നാല്‍ എത്ര ഔട്ട്ലെറ്റുകള് ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഉചിതമായ സ്ഥലങ്ങള്‍ കണ്ടെത്തി ഔട്ട്ലെറ്റുകള് ആരംഭിക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായിക്കൂടിയാണ് പുതിയ നീക്കം. ഔട്ട്ലെറ്റുകള് തുറക്കുന്ന കാര്യത്തില്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.
മദ്യനയത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായി 68 വില്പനശാലകള് തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന-ദേശീയ പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യവില്പനശാലകള് അടച്ചുപൂട്ടണമെന്ന കോടതിയുത്തരവിനെ തുടര്‍ന്ന് പൂട്ടിയ ഔട്ട്ലെറ്റുകള്‍ക്ക് പകരമാണ് പുതിയവ വരുന്നത്. മദ്യവില്പന കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ 170 ഔട്ട്ലെറ്റുകള് അനുവദിക്കണമെന്നായിരുന്നു ബെവ്കോ ആവശ്യപ്പെട്ടിരുന്നത്.
Content Highlight: government issues order to begin new liquor shops in kerala