മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസ്താവന; വിശദീകരണം തേടി ഗവര്ണര്
ഇന്ത്യന് ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില് വിശദീകരണം തേടി ഗവര്ണര് ആരിഫ് മുഹമ്മദ് ഘാന്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം ഹാജരാക്കാന് ഗവര്ണര് ചീഫ് സെക്രട്ടറിക്ക് നിര്ദേശം നല്കി. പ്രസംഗം പരിശോധിച്ച് രാഷ്ട്രപതിക്ക് റിപ്പോര്ട്ട് നല്കും. ഈ വിഷയത്തില് ഗവര്ണര് ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് രാജ്ഭവന് അറിയിച്ചു.
ജനങ്ങളെ കൊള്ളയടിക്കാന് പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാര് പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരന് എഴുതിയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന് ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്ന പ്രസ്താവനയും സജി ചെറിയാന് നടത്തി.
പത്തനംതിട്ട മല്ലപ്പള്ളിയില് സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഭരണഘടനയെ തള്ളിപറഞ്ഞത്. ഭരണഘടനയ്ക്കെതിരായുള്ള പ്രസ്താവനയില് പ്രതിപക്ഷം ശക്തമായ വിമര്ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights – Governor Arif Mohammad Ghan, sought clarification on Minister Saji Cherian’s statement