മണിച്ചന്റെ മോചനം; ശിക്ഷ ഇളവു ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ഫയല്‍ ഗവര്‍ണര്‍ മടക്കി
മണിച്ചന് ഉള്‍പ്പെടെയുള്ളവരുടെ മോചനത്തില്‍ മന്ത്രിസഭ നല്കിയ ശുപാര്‍ശ മടക്കി ഗവര്‍ണര്‍. ശുപാര്‍ശയില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് ഗവര്‍ണര്‍ ഫയല്‍ മടക്കിയത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവു ചെയ്യണമെന്നാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. 2018ല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം തടവുകാരുടെ മോചനം സംബന്ധിച്ച് സര്‍ക്കാര്‍ രൂപം നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ഗവര്‍ണറുടെ നടപടി.
രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തിയവര്‍, ലഹരിയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവര്, പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ശിക്ഷയിളവ് നല്‍കേണ്ടെന്നായിരുന്നു പിന്നീട് ഉത്തരവായി പുറത്തിറങ്ങിയ ഈ മാര്ഗ്ഗനിര്ദേശങ്ങളില് പറയുന്നത്. അതേസമയം ശിക്ഷയിളവിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഈ കുറ്റങ്ങള്‍ ചെയ്തവരുണ്ട്. ഇക്കാര്യത്തിലാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്.
കുപ്പണ മദ്യദുരന്തക്കേസിലെ കുറ്റവാളി, മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ തുടങ്ങിയവര്‍ മോചനത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലുണ്ട്. 20 വര്‍ഷത്തിന് മേല്‍ തടവുശിക്ഷയനുഭവിച്ചവരെയും ജീവപര്യന്തം തടവില്‍ കഴിയുന്നവരെയുമാണ് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നടപടി. എന്നാല്‍ നിലവിലെ നിയമത്തിന് വിരുദ്ധമായാണ് ശുപാര്‍ശയെങ്കില്‍ പട്ടികയില്‍ കടന്നുകൂടിയ ചിലരെ ഒഴിവാക്കേണ്ടി വരുമെന്നാണ് സൂചന.
Content Highlight: governor returns cabinet file directing release of prisoners