ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: മുഖ്യമന്ത്രിയുടെ അടിയന്തരയോഗം ഇന്ന്

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ സർക്കാരിനെതിരെ വിമർശനം രൂക്ഷമാകുമ്പോൾ, മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയും പൊലീസ് – ജയിൽ വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും.
ആരും സഹായിച്ചിട്ടില്ലെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഗോവിന്ദച്ചാമിയെ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ വീഴ്ചയിൽ ജയിൽ സൂപ്രണ്ടിനെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. ജയിൽ ചാടിയതിന് 14 ദിവസത്തേക്കാണ് ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും ഇന്നലെ ഗോവിന്ദച്ചാമിയെ പാർപ്പിച്ചത് ആ ജയിലിൽ തന്നെയായിരുന്നു. കോടതി നടപടികൾ വൈകിയതിനാലാണ് ഒരു രാത്രി കൂടി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ തുടർന്നത്. ഇന്ന് ഉച്ചയോടെ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.