നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. രേഖാമൂലം മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിവെച്ചത്. വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് പറഞ്ഞത് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു നടിയുടെ പരാതി.
തുടരന്വേഷണത്തിന് സമയം കൂടുതല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിലെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഈ മാസം 31ന് അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതില്‍ അപേക്ഷിക്കുക. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇനിയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനുണ്ട്. പുതിയ ഓഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
Content Highlight: Hc postpones actress plea