മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജീവനക്കാരും മെഡിക്കല്‍, നഴ്സിങ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്‍ കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആശുപത്രി അധികൃതര്‍ ഉത്തരവാദിതത്തോടെ പരിശോധന കര്‍ശനമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗികള്‍ക്ക് കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റൊരാള്‍ക്കു കൂടി പാസ് വേണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ലഭിക്കുകയെന്നും മന്ത്രി അറിയിച്ചു.
Content Highlight – Health department has tightened ID card verification in medical colleges