വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ജാഗ്രതയുടെ ഭാഗമായി മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതും ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കോഴിക്കോട് കനത്ത കാറ്റിലും മഴയിലും വ്യാപക നഷ്ടമാണ് ഉണ്ടായത്. താമരശ്ശേരിയില്‍ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. കുറ്റ്യാടി കാവിലും പാറയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
കക്കയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഒരു ഷട്ടര്‍ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു.ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിടുന്നതിനാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ ഇടയുണ്ട്. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്കി. ജില്ലയില്‍ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു. അപകടത്തില്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു.പാലക്കാട് മണ്ണാര്‍ക്കാട് നെട്ടമല വളവിലാണ് അപകടമുണ്ടായത്. മുന്‍ഭാഗത്തെ ചില്ലുകള്‍ ആണ് പൂര്‍ണ്ണമായും തകര്‍ന്നത്. യാത്രക്കാര്‍ക്കും, ഡ്രൈവര്‍ക്കും പരിക്കില്ല.
അട്ടപ്പാടിയിലും ശക്തമായ മഴ തുടരുകയാണ്. മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി ലൈനും തകര്‍ന്നു. അഗളി ചെമ്മണ്ണൂര്‍ ക്ഷേത്ര പരിസരത്ത് വന്‍ മരം വീടിന് മുകളില്‍ വീണു. വീടിന് കേടുപറ്റി. വീട്ടില്‍ ഒന്‍പത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.
Content Highlights – Heavy rains in northern districts of Kerala, Orange alert in three districts