അതിജീവിതയുടെ ഹര്‍ജി തൃക്കാക്കരയില്‍ ആയുധമാക്കി യുഡിഎഫ്; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍
സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിതയായ നടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തൃക്കാക്കരയില്‍ ആയുധമാക്കി യുഡിഎഫ്. വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന് രംഗത്തെത്തി. ജയരാജന് അതിജീവിതയെ അപമാനിക്കുകയാണെന്ന് സതീശന് പറഞ്ഞു. ഏതെങ്കിലും ആവശ്യത്തിനു വേണ്ടി ഇങ്ങനെയൊരു ഹര്‍ജി ആരെങ്കിലും നല്‍കുമോയെന്നും സതീശന് ചോദിച്ചു.
ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ജയരാജന് പറഞ്ഞത്. ഒന്നും പറയാനില്ലാതെ യുഡിഎഫ് ഇതിനായി വഴി തേടി നടക്കുകയായിരുന്നു. ഹര്‍ജി ആര്‍ക്കും നല്‍കാമെന്നും തെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നടി ഹര്‍ജി നല്‍കിയതിന്റെ കാരണം അവരോടു തന്നെ ചോദിക്കണം. പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ കോടതിയാണ് അനുമതി നല്‍കേണ്ടതെന്നും ജയരാജന് പറഞ്ഞു.
അതിജീവിത കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അറിയില്ലെന്നായിരുന്നു മന്ത്രി പി.രാജീവിന്റെ പ്രതികരണം. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. അവരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നടിക്കുണ്ടെന്നും രാജീവ് പറഞ്ഞു.
നടിക്ക് നീതി കിട്ടില്ലെന്ന് പി.ടി.തോമസ് ഭയന്നിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രതികരിച്ചിരുന്നു. അദ്ദേഹം ഭയന്നതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഉമ കൂട്ടിച്ചേര്‍ത്തു.
Content Highlight: High plea of actress kickstarts discussion thrikkakkara byelection