ആശുപത്രി സംരക്ഷണ ഓർഡിനൻസ് : വകുപ്പു സെക്രട്ടറിമാരുടെ യോഗം ഇന്ന്.
ആശുപത്രി സംരക്ഷണ ഓർഡിനൻസിലെ വ്യവസ്ഥകൾ അന്തിമമാക്കാൻ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം ഇന്ന്. അക്രമത്തിന്റെ കാഠിന്യമനുസരിച്ച് 6 മാസം മുതൽ 5 വർഷം വരെ തടവുശിക്ഷ ഉയർത്തും. മിനി സ്റ്റീരിയൽ ജീവനക്കാർക്കും സുരക്ഷാ ജീവനക്കാർക്കും കൂടി പരിരക്ഷ ലഭിക്കും വിധമാണ് പുതിയ നിയമം. ഡോ വന്ദന കേസിന്റെ പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാരെ കൈവയ്ക്കാനും വസ്തുവകകൾക്ക് നാശമുണ്ടാക്കാനും തുനിഞ്ഞിറങ്ങുന്നവർക്ക് കൈയൊന്നു വിറയ്ക്കും വിധം കാഠിന്യമുള്ള വ്യവസ്ഥകളോടെയാണ് പുതിയ നിയമം വരുന്നത്. ആഭ്യന്തര, ആരോഗ്യ, നിയമ സെക്രട്ടറിമാർ യോഗം ചേർന്ന് വിവിധ തലങ്ങളിൽ നിന്നുയർന്ന വ്യവസ്ഥകൾ ചർച്ച ചെയ്യും. തടവുശിക്ഷ ചെറിയ കുറ്റകൃത്യങ്ങൾക്ക് 6 മാസം തുടങ്ങി കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് 5 വർഷമോ അതിൽ കൂടുതലോ ചുമത്താനാണ് നീക്കം. കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വേറെ.