രണ്ടു മാസമായി ശമ്പളമില്ല, മന്ത്രിക്കു മുന്നില്‍ പരാതി പറഞ്ഞു; താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്

ശമ്പളം കിട്ടാത്തത് ചോദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധിച്ചത്. രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, എക്സറെ ടെക്നീഷ്യന്മാര്, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.