പിണറായി മാറിയാൽ സിപിഎമ്മിൽ സർവനാശം, മൂന്നാം തവണയും മുഖ്യമന്ത്രിയാകണം; വെള്ളാപ്പള്ളി നടേശൻ

പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി വേറെ ആളെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാൻ പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ ഇപ്പോൾ യോഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്ഥാനമോഹികളായ നേതാക്കള്‍ പാര്‍ട്ടില്‍ ഒരുപാടുണ്ട്. പിണറായി വിജയന് ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്. സംസ്ഥാന സമ്മേളന ചര്‍ച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ സമ്മേളനത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണ്. വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഒരു പള്ളിയില്‍ 16 പട്ടക്കാര്‍ ആകരുത്. ഒരു പള്ളിയില്‍ ഒരു പട്ടക്കാരന്‍ മതി. 16 പട്ടക്കാരായാല്‍ ഈ 16 പട്ടക്കാരും തമ്മില്‍ ദിവസവും അടിയായിരിക്കും ഉണ്ടാകുക. പിണറായി വിജയന് നല്ല നേതാവും നല്ല അഡ്മിനിസ്ട്രേറ്ററുമാണ്. അതുകൊണ്ട് തന്നെ അനുയായികളെയെല്ലാം ഒരു അപശബ്ദം പോലും ഇല്ലാതെ ഇരുത്താന്‍ സാധിച്ചു. അതാണ് പിണറായിയുടെ മികവ് എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.