സുന്ദരികളെ കണ്ടാൽ ബാംഗ്ലൂർ ട്രിപ്പിനായി വിളിക്കും; ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി.
ഭംഗിയുള്ള ഏതെങ്കിലും സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിക്കുന്നു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിൽ എംപിയെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.
ലൈംഗിക പീഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും പറയാൻ ഷാഫിയെ വെല്ലു വിളിക്കുകയാണ്.
എന്നാൽ അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ രണ്ടാളും കൂട്ടുകച്ചവടമാണ്. രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.
എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാൻ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാൽ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവർക്കെതിരെ ഒന്നും മിണ്ടാത്തത്.
രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.
കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാലക്കാട് കാണിക്കുന്നതെന്നും ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നൽകിയത് കോൺഗ്രസ് നേതൃത്വമാണ്. മരണവീട്ടിൽ രാഹുലിന് ആവേശകരമായ സ്വീകരണമാണ് നേതാക്കൾ നൽകിയത്.
രാഹുൽ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും, എന്നാൽ പിന്നിലൂടെ സംരക്ഷണം നൽകുകയും ചെയ്യുകയാണ് കോൺഗ്രസ്സ്. വി.ഡി സതീശന്റെ വാക്കിന് പുല്ല് വിലയാണ് പാർട്ടി കൊടുക്കുന്നത്.
കുഞ്ഞാലികുട്ടിയുടെ കാര്യത്തിൽ ലീഗ് നേരത്തെ കാണിച്ച അന്തസ് കോൺഗ്രസ് എന്ത്കൊണ്ട് ഇപ്പോൾ കാണിക്കുന്നില്ലെന്നും ഇ.എൻ സുരേഷ് ബാബു ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ അഗ്നിശുദ്ധി വരുത്തണമെന്ന് മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരയമംഗലം ആണ് പറഞ്ഞത്. ലീഗിന്റെ പരിപാടിയിലേക്ക് രാഹുലിനെ ക്ഷണിച്ചിട്ടില്ല. എന്നാൽ മണ്ഡലത്തിലെ എംഎൽഎ എന്ന നിലക്ക് രാഹുൽ പാലക്കാട് വരണമെന്നാണ് ലീഗിന്റെ നിലപാടെന്നും മരക്കാർ മാരയമംഗലം പറഞ്ഞു. എന്നാൽ ജനങ്ങൾ അതിൽ ബുദ്ധിമുട്ടരുത് എന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പെൺകുട്ടികളുള്ള ഏതെങ്കിലും കോൺഗ്രസുകാര്‍ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ? ആത്മാഭിമാനമുള്ള കോൺഗ്രസുകാർ വീട്ടിലേക്ക് വരേണ്ട എന്നേ പറയൂ. അതേപോലെ മുകേഷ് , പി. കെ ശശി എന്നിവർക്ക് എതിരായ ലൈംഗിക പരാതിയും രാഹുലിൻ്റെയും ഒന്നായി കാണരുതെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുലിനെ എംഎൽഎ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ് ഈ കാര്യത്തിൽ മറുപടി പറയേണ്ടത്. എന്നാൽ കൂട്ടുകച്ചവടം നടത്തുന്ന ഷാഫി അതിന് തയ്യാറാകില്ല എന്നും സുരേഷ്ബാബു പറഞ്ഞു.
അപാര ചര്മബലമുള്ള ആളുകള്‍ക്ക് മാത്രമേ ഇത്രയും ആരോപണങ്ങള്‍ നേരിട്ടിട്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്താന്‍ ധൈര്യം ഉണ്ടാകൂ എന്നും, രാഹുലിനെ പേറിയാല്‍ കോണ്‍ഗ്രസ് നാറുമെന്നും പാലക്കാട്ടെ സിപിഎം നെവായ എൻ എൻ കൃഷ്ണദാസും പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാന്‍ നിഘണ്ടുവില്‍ ഒറ്റവാക്കേയുള്ളൂ, ‘വൃത്തികെട്ടവന്’ എന്നതാണ് ആ വാക്ക്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുര്‍ഗന്ധം അസഹനീയമാവുമ്പോള്‍ ജനങ്ങള്‍ തന്നെ പുറന്തള്ളും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോണ്‍ഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.