ഇടുക്കിയിൽ പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു
ഇടുക്കിയിൽ പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.
ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടിയപ്പോൾ ജാൻസിയും ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ടോടെ മണ്ഡലത്തിൽ വീണ്ടും പ്രചരണം ആരംഭിക്കുമെന്ന് ജാൻസി അറിയിച്ചു.













