സഹകരണ ബാങ്കില്‍ നിന്ന് പണം ലഭിക്കാതെ രോഗി മരിച്ച സംഭവം; വിവാദ പരാമര്‍ശവുമായി ആര് ബിന്ദു
തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം കൃത്യമായി തിരികെ ലഭിക്കാത്ത കാരണത്തിൽ ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ആര് ബിന്ദു. മരിച്ച ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രിയുടെ പരാമര്‍ശം. മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവ് ദേവസിയുടെയും കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നല്‍കിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൃശൂർ മെഡിക്കല്‍ കോളേജിലായിരുന്നു ഫിലോമിനയുടെ ചികിത്സ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ആര് ബിന്ദു പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം ആവശ്യത്തിന് പണം നല്‍കിയെന്ന മന്ത്രിയുടെ വാദം മരിച്ച ഫിലോമിനയുടെ മകന് തള്ളി. അമ്മയുടെ ചികിത്സ തുടങ്ങിയതിന് ശേഷം ഒരുരൂപ പോലും ബാങ്കില്‍നിന്ന് ലഭിച്ചിട്ടില്ല. അമ്മ മരിച്ചതിന് പിന്നാലെ മൃതദേഹവുമായി പ്രതിഷേധിച്ച ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടില്‍കൊണ്ടുതന്നത്. ഇത് ഒരാഴ്ച മുമ്പ് തന്നിരുന്നെങ്കില്‍ അമ്മയ്ക്ക് സ്വകാര്യ ആശുപത്രയില്‍ മികച്ച ചികിത്സ നല്‍കാമായിരുന്നുവെന്നും മകന് ഡിനോയ് പറഞ്ഞു.
പലഗഡുക്കളായി ഇതുവരെ 4.60 ലക്ഷം രൂപയാണ് ബാങ്കില്‍നിന്ന് കിട്ടിയത്. പല ആവശ്യങ്ങള്‍ക്കായാണ് പണം നല്‍കിയത്. തന്റെ ശസ്ത്രക്രിയയ്ക്ക് മൂന്ന് ലക്ഷം രൂപ ചോദിച്ചിട്ട് ഒന്നര ലക്ഷം രൂപയാണ് തന്നത്. അമ്മയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ മികച്ച ചികിത്സ നല്‍കാനാണ് പണം ചോദിച്ചത്. എന്നാല്‍ അത് കിട്ടിയില്ല. അച്ഛന്റെ സമ്പാദ്യമാണ് ആ പണം. ഞങ്ങള്‍ക്ക് ആവശ്യപ്പെട്ട പണം എത്രയാണെന്ന് ഒരു മന്ത്രിയോ എംഎല്‍എയോ അല്ല തീരുമാനിക്കേണ്ടത്. പണം എപ്പോള്‍ ചോദിക്കുമ്പോഴും തരാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. ആവശ്യമുള്ള പണം നല്‍കിയെന്ന് മന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.
Content Highlights – R Bindhu, Higher Education Minister, Incident of death of patient without receiving money from Co-operative Bank