സംസ്ഥാനത്തെ പൊലീസ് സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ധനവ്
കേരള പൊലീസിന്റെ സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സേവന നിരക്കുകള്‍ കൂട്ടിയത്. നിലവിലുള്ള ഫീസില്‍ നിന്ന് 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മുതല്‍ പൊലീസ് നായയുടെ സേവനത്തിനുള്ള ഫീസില്‍ വരെ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
പൊലീസിന്റെ സേവന-ഫീസ് നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഫീസില്‍ വര്‍ധനവ് വരുത്തിയത്.
പൊലീസിന്റെ മൈക്ക് ലൈസിന്‍സിന് 15 ദിവസത്തേക്ക് 330 രൂപയാണ് നിലവില്‍ നല്‍കേണ്ട തുക. എന്നാല്‍ അതിപ്പോള്‍ 660 രൂപയായി വര്‍ധിപ്പിച്ചു. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 നിന്ന് 610 രൂപയായി. പൊലീസ് നായയുടെ സേവനത്തിന് പ്രതിദിനം 6,950 രൂപ ഈടാക്കും.
സ്വകാര്യ-വിനോദ പരിപാടികള്‍, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതല്‍ പണം നല്‍കണം. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ (ഓരോ നാലു മണിക്കൂറിനും) പകല്‍ 3,795 രൂപയും രാത്രി 4,750 രൂപയും നല്‍കണം. പൊലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്താന്‍ 11,025 രൂപയ്ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നല്‍കണം.
കൂടാതെ ബാങ്കുകള്‍ തപാല്‍ വകുപ്പ് എന്നീ സ്ഥാപനങ്ങള്‍ക്ക് എസ്കോര്‍ട്ട് നല്‍കുന്നതിനുള്ള നിരക്ക് നിലവിലെ തുകയില്‍ നിന്നും 1.85 ശതമാനമായി വര്‍ധിപ്പിച്ചു.
Content Highlights – Kerala Police, Increase in the rates of police services in the state