ഐഫോണ്‍ വെള്ളച്ചാട്ടത്തില്‍ വീണു, രക്ഷാദൗത്യവുമായി അഗ്നിരക്ഷാ സേന

വെള്ളച്ചാട്ടത്തില്‍ വീണ ഐ ഫോണ്‍ സാഹസികമായി വീണ്ടെടുത്ത് നല്കി അഗ്നിരക്ഷാ സേന. മലപ്പുറം കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ ആയിരുന്നു അഗ്നിരക്ഷാസേനയുടെ രക്ഷാ പ്രവര്‍ത്തനം. അവധി ദിനം ആഘോഷിക്കാനെത്തിയ പുത്തനത്താണി സ്വദേശി റനീഷിന്റെ ഫോണായിരുന്നു വെള്ളച്ചാട്ടിലേക്ക് വീണത്.
ശക്തമായി വെള്ളം വീഴുന്ന അപകടസാധ്യതയുള്ള ഭാഗത്തേക്കായിരുന്നു ഒരു ലക്ഷത്തില്‍ അധികം വിലയുള്ള ഫോണ്‍ പതിച്ചത്. അപകട സാധ്യത മുന്നില്‍ക്കണ്ട് ആരും ഫോണ്‍ എടുക്കാന്‍ മുതിര്‍ന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവാലി ഫയര്‍സ്റ്റേഷനില്‍ സഹായം തേടിയത്.
കരീം കണ്ണൂക്കാരന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ കയര്‍കെട്ടിയാണ് മുങ്ങല്‍ വിദഗ്ധര്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. വലിയ ആള്‍ക്കൂട്ടമാണ് ഫോണ്‍ എടുക്കുന്നത് കാണാന്‍ തടിച്ചുകൂടിയത്.