പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം
പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പിൻറെ റിപ്പോര്‍ട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടില്‍ പങ്കില്ലെന്നും താന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറയുന്നുണ്ട്.
പതിനാറംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്ന എസ് സുരേഷ്, 43ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രസിഡന്റായിരുന്ന ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒന്‍പത് പേര് 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഈ തുക 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.













