മലപ്പുറത്തുള്ളതും മലയാളികളാണ് നടേശാ, വിഷം തുപ്പൽ മതിയാക്കണം; വീണ്ടും മുസ്ലിം വിരുദ്ധ പരാമർശവുമായി വെള്ളാപ്പള്ളി

മുസ്ലിം സമുദായത്തെ കുറിച്ചും, മലപ്പുറത്തെ കുറിച്ചും വീണ്ടും വിദ്വേഷ പ്രസംഗവുമായി എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അവർ അനുവദിക്കില്ല. വോട്ട് ബാങ്ക് കാണിച്ച് മുസ്ലിംകൾ സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗ് അവരുടെ രാജ്യം ഇവിടെ കൊണ്ടുവരാനും, ശരീഅത്ത് നിയമം നടപ്പാക്കാനും, മലപ്പുറം സംസ്കാരം സ്ഥാപിക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. എടത്വ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോയത്തിൽ നടന്ന എസ്എന്ഡിപി യോഗം ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തുനിന്ന് കൽപ്പിക്കുന്നതിനനുസരിച്ച് ചാടിക്കളിക്കുന്ന ചാടുന്ന കുഞ്ഞുരാമന്മാർ ആകരുത് രാഷ്ട്രീയക്കാർ. കേരളത്തിൽ ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന നിലയിലായി ഇപ്പോൾ കാര്യങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം പ്രസംഗം വളച്ചൊടിച്ച് തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമാവില്ല. കോൺഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ നടന്നുപോകാനാവില്ല. മുല്ലപ്പള്ളിയും സുധീരനുമെല്ലാം സമുദായത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ഇദ്ദേഹം പറഞ്ഞത് കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും എന്നാണ്. വിവാദമായ ഈ പ്രസ്താവനക്കെതിരെ കാന്തപുരം അബൂബക്കർ മുസലിയാർ അടക്കമുള്ള മുസ്ലീം നേതാക്കളും രംഗത്തെത്തിയിരുന്നു. താൻ സമുദായത്തിനു വേണ്ടിയാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഇതേപോലെ കെ സുരേന്ദ്രനും ഒരു പ്രസ്താവന മുന്നേ ഇറക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് മലപ്പുറത്ത് നോമ്പ് കാലത്ത് വെള്ളം കിട്ടാതെ ആളുകൾ മരിക്കുന്നു എന്നാണ്. ഇതിന് മറുപടിയായി മുസ്ലിം ലീഗ് യുവനേതാവ് പി.കെ ഫിറോസ് പറഞ്ഞത്, ആ മരിച്ചവരുടെ ലിസ്റ്റ് പുറത്ത് വിടാമോ എന്നാണ്. പിന്നീട് സുരേന്ദ്രൻ ആ വഴിക്ക് വന്നിട്ടില്ല.
റമ്ദാൻ സമയമാകുമ്പോൾ എല്ലാ വർഷവും ഉയരുന്നതാണ് മലപ്പുറത്തെ ഹോട്ടലുകളുടെ കാര്യം.
അതിലെ വാസ്തവം എന്തെന്നാൽ, “മലപ്പുറത്തെ ജനസംഖ്യയുടെ വലിയ ഭാഗം മുസ്ലിം വിശ്വാസികളാണ്. അതുകൊണ്ട് തന്നെ നോമ്പ് കാലത്ത്, നോമ്പ് എടുക്കുന്നവരും, അല്ലാത്തവരും ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വരാറില്ല. നോമ്പ് കാലത്ത് ഹോട്ടലുകൾ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ മിക്ക ഹോട്ടലുകളും ഈ ഒരു മാസം അടച്ചിടുകയാണ് പതിവ്. അതല്ലാതെ നോമ്പ് കാലത്ത് മലപ്പുറത്തെ എല്ലാ ഹോട്ടലുകളും അടച്ചിടാറില്ല, ആരും അടപ്പിക്കാറുമില്ല.
റമദാൻ മാസത്തിൽ തുറന്നു പ്രവർത്തിക്കുന്ന കുറെ ഹോട്ടലുകളുടെ ലിസ്റ്റും മലപ്പുറത്തുള്ളവർ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഹോട്ടൽ പ്രശാന്ത്, ഹോട്ടൽ സരോജ്, ഹോട്ടൽ അന്നപൂർണ്ണ , ഹോട്ടൽ സ്വാഗത്, ഹോട്ടൽ അയോധ്യ ഇന്ത്യൻ കോഫീ ഹൗസ്, ഹോട്ടൽ സോപാനം, ഹോട്ടൽ വെങ്കിടേശ്വര, വേണൂസ്, കുടുംബശ്രീ ഹോട്ടൽ, ഹോട്ടൽ അശ്വതി, റോയൽ ഹോട്ടൽ, സംഗം, രാധ വിലാസ്, ദുര്ഗ, സൂര്യഭവൻ, വിഘ്നേശ് ഭവൻ, ഹോട്ടൽ ചൈതന്യ ബാലകൃഷ്ണ, ഹോട്ടൽ ഗോകുൽ.. ഇങ്ങനെ ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പേരില്ലാതെ ചെറിയ ഹോട്ടലുകൾ ഇതിന്റെ ഇരട്ടിയും ഉണ്ട്.
ഇനി ഇതെല്ലം മുസ്ലീങ്ങൾ തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ, ദൂരയാത്ര ചെയ്യുന്ന ആളുകൾ മലപ്പുറത്ത് ഭക്ഷണം കിട്ടാതെ പെട്ടുപോയാൽ, അവിടുത്തെ ഏത് വീട്ടിലേക്കും നിങ്ങൾക്ക് ധൈര്യമായി കയറി ചെല്ലാം. ഉള്ള ഭക്ഷണം കിട്ടും. അല്ലെങ്കിൽ പറ്റുന്നത് ഉണ്ടാക്കി തരും. മലപ്പുറം നന്മകളുടെ നാടാണെന്ന് പറയുകയല്ല. ചുരുങ്ങിയ പക്ഷ നിങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം നൽകാൻ മടിയില്ലാത്തവരാണ് അവിടുത്തെ ആളുകൾ.
അതുകൊണ്ട് ഇതര ക്ഷുദ്രജീവികളുടെ പ്രസ്താവനകൾ അവഗണിക്കുക, തള്ളിക്കളയുക.
മലപ്പുറവും കേരളത്തിലാണ്, അവിടുള്ളതും മലയാളികളാണ്.