കെ റെയിൽ കല്ലിടൽ ; കേസുകൾ പിൻവലിക്കില്ല
കെ റെയിലുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്ന് പൊലീസ്. അത്തരമൊരു നിർദേശം സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ കേസുകളുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം. എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് നടപടികൾ ഉണ്ടാവില്ലെന്നാണ് പൊലീസ് പറയുന്നത്.
തർക്കമുള്ള സ്ഥലങ്ങളിൽ കെ റെയിലിനായി കല്ലിടുന്നത് നിർത്തിവെക്കുമെന്ന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പകരം ജിയോ ടാഗിങ് നടപ്പിലാക്കുമെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. കല്ലിടലിൽ നിന്ന് സർക്കാർ പിന്നാക്കം പോവുന്നതിന്റെ സൂചനയാണ് ജിയോ ടാഗിങ് നടപ്പിലാക്കുന്നത് എന്ന നിലപാടിലാണ് പ്രതിപക്ഷം. വിവിധ സ്ഥലങ്ങളിലായി പ്രതിപക്ഷം നടത്തിയ സമരങ്ങളുടെ വിജയമാണ് നടപടിയെന്നും അതുകൊണ്ടു തന്നെ കെ റെയിൽ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞത്. എന്നാൽ തുടർ നടപടികൾ നിലവിൽ ഉണ്ടാവില്ലെന്ന ഉറപ്പും പൊലീസ് നൽകുന്നുണ്ട്.
Content Highlight – K rail stone laying; Cases will not be withdrawn