വിവാദങ്ങൾക്ക് കവചം തീർക്കാൻ വേട്ടയാടൽ,ഒരിഞ്ചു പിന്നോട്ടില്ലെന്നു കെ സുധാകരൻ
കേരളത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് പ്രസിഡന്റിനെയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും എസ്എഫ്ഐ നേതാക്കളുടെ ക്രമക്കേടുകൾക്കും കവചം തീർക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നാൽ ഇവർക്കെതിരേയുള്ള പോരാട്ടത്തിൽനിന്ന് ഇന്ദ്രനും ചന്ദ്രനും വന്നാലും പിന്മാറില്ലെന്നും ഒരിഞ്ചു പിന്നോട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സർക്കാരിനെതിരേ കമാന്നൊരക്ഷരം മിണ്ടിയാൽ അവരെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണിപ്പോൾ. ജനാധിപത്യത്തിന്റെ കാവലാളായ മീഡിയ പ്രവർത്തകരെ അടിച്ചമർത്തി പിണറായിയുടെ കാവൽനായ ആക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിനെതിരേ ശബ്ദിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് പോലീസ് വേട്ടയാടുന്നു. വാർത്ത വായിച്ചവരും റിപ്പോർട്ട് ചെയ്തവരുമൊക്കെ വേട്ടയാടപ്പെടുന്ന കരാളകാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കേരളത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി സംപൂജ്യമാക്കിയെന്നു സുധാകരൻ പറഞ്ഞു.
പാർട്ടിക്കെതിരെയോ സർക്കാരിനെതിരെയോ വിമർശനം ഉയർന്നാൽ അവർക്കെതിരേ ഇനിയും നടപടി ഉണ്ടാകുമെന്ന് പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദിവാൻ സർ സിപിയെ വിമർശിച്ചതിന് നൂറു വർഷം മുമ്പ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയതുപോലെ മാധ്യമ പ്രവർത്തകരെ നിശബ്ദമാക്കാനാണ് അഭിനവ ദിവാൻ ശ്രമിക്കുന്നത്. എന്നാൽ സർ സിപിയെ വെട്ടിയോടിച്ച കെസിഎസ് മണിയുടെ നാടുകൂടിയാണിതെന്ന് പിണറായി ഓർക്കണമെന്ന് സുധാകരൻ പറഞ്ഞു.
ഗുരുതരമായ ക്രമക്കേടുകൾ കാട്ടിയ എസ്എഫ്ഐ നേതാവ് കെ വിദ്യയെ പോലീസ് തെരയാൻ തുടങ്ങിയിട്ട് 12 ദിവസമായി. ടിപി ചന്ദ്രശേഖരന്റെ കൊലയാളികളായ കൊടിസുനിയേയും കൂട്ടരേയും പാർട്ടിക്കോട്ടയായ മുടക്കോഴി മലയിൽ കയറി സാഹസികമായി കീഴടക്കിയ ചരിത്രമുള്ള കേരള പോലീസിന് ഇത് എന്തുപറ്റി? ആമസോൺ കൊടുംകാട്ടിൽനിന്നു പോലും കുട്ടികളെ വീണ്ടെടുക്കുന്ന രീതിയിൽ സാങ്കേതിക വിദ്യ വളർന്നിട്ടും ഒരു എസ്എഫ്ഐക്കാരിയുടെ മുന്നിൽ കേരള പോലീസ് വിറങ്ങലിച്ചു നില്ക്കുന്നു. മൃദുഭാവേ ദ്രൃഢ കൃത്യേ എന്നത് മൃദു ഭാവേ വിദ്യേ എന്ന് കേരള പോലീസ് മാറ്റിയെഴുതി. പൂട്ടിക്കിടന്ന വിദ്യയുടെ വീട് തുറന്ന് അവിടം അടിച്ചുവാരിയിട്ട് പോലീസ് തിരിച്ചുവരുന്ന കാഴ്ച കണ്ട് കേരളം മൂക്കത്തു വിരൽവച്ചു. തനിക്കും പ്രതിപക്ഷ നേതാവിനും എതിരായ കേസിൽ ശരവേഗത്തിൽ നീങ്ങുന്ന പിണറായി ഭക്തരായ പോലീസ്, മോൻസൺ മാവുങ്കൽ വെളിപ്പെടുത്തിയ ഡിജിപിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നത് എന്ത് കൊണ്ടാണ്? ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിനെ പോലുള്ളവർക്ക് ജയിലിനുള്ളിൽ കിടന്ന് ആയുധ കച്ചവടം നടത്താൻ സൗകര്യം ഒരുക്കിയത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് സുധാരൻ പറഞ്ഞു.
40 ക്രിമിനൽ കേസുകളിൽ പ്രതിയായ എസ് എഫ് ഐ നേതാവ് പോലീസിനെ വെല്ലുവിളിച്ച് ചങ്കുവിരിച്ചു നടക്കുന്നു. എഴുതാത്ത പരീക്ഷയിൽ ക്രമക്കേടിലൂടെ വിജയിച്ച എസ്എഫ്ഐ നേതാവ് സ്വയംരക്ഷാർത്ഥം നല്കിയ കേസിൽ പോലീസ് പ്രത്യേക സംഘത്തെ നിയമിച്ചാണ് മിന്നൽവേഗതയിൽ അന്വേഷിക്കുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിരമിക്കാൻ വെറും 15 ദിവസം മാത്രം ബാക്കിയുള്ള പോലീസ് മേധാവിക്ക് ഒരു ദിവസമെങ്കിലും അന്തസുള്ള പോലീസുകാരായി പ്രവർത്തിക്കാനുള്ള അവസരമാണ് മുന്നിലുള്ളതന്ന് സുധാകരൻ പറഞ്ഞു.