കേരളം ഭരിക്കുന്നത് തൊട്ടതിലെല്ലാം അഴിമതി നടത്തുന്ന സർക്കാർ: കെ.സുരേന്ദ്രൻ

പാലക്കാട്: തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. പാലക്കാട് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് അഴിമതി നടത്തി. മുഖ്യമന്ത്രി തന്നെയാണ് അഴിമതിയുടെ സൂത്രധാരനും, ഗുണഭോക്താവും. ഭരണത്തെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ്. എല്ലാ അഴിമതി പണവും അവസാനം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പിണറായി വിജയന് എല്ലാ കള്ളന്മാരുടെയും കൊള്ളക്കാരുടെയും സംരക്ഷണ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രി ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ യശസ്സ് ഹിമാലയത്തോളം ഉയര്‍ത്തി. കാര്‍ഷികം, സാമ്പത്തികം, വ്യവസായം ഉള്‍പ്പെടെ സമസ്തമേഖലകളിലും വികസനത്തിലൂടെ അത്ഭുതകരമായ പരിവര്‍ത്തനം കൊണ്ടുവന്നു. കൊവിഡിനെ തുടര്‍ന്ന പല രാജ്യങ്ങളും തകര്‍ന്നപ്പോള്‍ ഭാരതം സാമ്പത്തിക മേഖലയില്‍ കുതിച്ചുയരുകയായിരുന്നു.
പിണറായി സര്‍ക്കാരാകട്ടെ ജനങ്ങളെ ദ്രോഹിക്കുകയാണ്. പാവപ്പെട്ടവരുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. നികുതിപ്പണം വരെ കൊള്ളയടിച്ചു. കേരളത്തെ കടക്കെണിയില്‍ മുക്കിയ സര്‍ക്കാരാണ്. മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷവും, പിണറായിയുടെ ഏഴ് വര്‍ഷവും ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള കാലയളവാണ്. ഒന്നും തന്നെ എടുത്തുപറഞ്ഞ് ആഘോഷിക്കാനില്ലാത്തതിനാല് പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം കോടിക്കണക്കിന് രൂപയുടെ പരസ്യം ചെയ്താണ് ആഘോഷിക്കുന്നത്. അതേസമയം,
മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 30 മുതല്‍ ജൂണ്‍ 30വരെ ഒരുമാസം നീളുന്ന ജനസമ്പര്‍ക്ക പരിപാടികളുമായി വിപുലമായി ആഘോഷിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേരളം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കുന്നതില് പരാജയപ്പെട്ടപ്പോള്‍ കേന്ദ്രം ഓരോ മാസവും 71,000 പേര്‍ക്ക് ജോലി നല്കി കൊണ്ടിരിക്കുകയാണ്. തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാരിപ്പോള്‍ തൊഴില്‍ദാതാക്കളായി മാറി. കേന്ദ്രം അതിശക്തമായി മുന്നോട്ട് പോകുമ്പോള്‍ കേരളം കിതയ്ക്കുകയാണ്. ശബരിഗിരി റെയില്‍പാതക്കായി മോദി സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ദേശീയപാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്. കേന്ദ്രപദ്ധതികള്‍ സ്വന്തം പേരിലാക്കി മുഖ്യമന്ത്രി അവതരിക്കുകയാണെന്നും, ജല്‍ജീവന്‍ മിഷന് പദ്ധതി അട്ടിമറിച്ചതായും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാരിന്റെ അഴിമതി, ജനദ്രോഹ നടപടികള്‍ക്കെതിരെ 20 മുതല്‍ 27 വരെ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.