സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥത:ഇതുവരെ മരിച്ചത് 8 പേർ
സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയെ തുടർന്ന് പകർച്ചവ്യാധികളുടെ പിടിയിലമരുകയാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.സംസ്ഥാനത്ത് ഈ മാസം 13ാം തീയതി വരെ 8 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബ്രഹ്മപുരം പ്ലാൻ്റിന് തീയിട്ടതിനെത്തുടർന്ന് മാലിന്യ സംസ്ക്കരണം നിലച്ച എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പതിനായിരത്തോളം പകർച്ചവ്യാധി കേസുകൾ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈൽ , എച്ച്1എൻ1 തുടങ്ങി സർവ പനിയും ജില്ലയിൽ പടരുകയാണ്. വെസ്റ്റ് നൈൽ, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ആളുകൾ മരണപ്പെടുകകൂടി ചെയ്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലയിൽ മാത്രം 771 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
മാലിന്യ പ്ലാൻ്റിന് തീയിട്ട് അത് നോക്കി നിന്ന സർക്കാർ പകർച്ചവ്യാധികൾ പടരുമ്പോഴും നിഷ്ക്രിയത്വം തുടരുകയാണ്. മഴക്കാലം മുന്നിൽക്കണ്ട്, ശുചീകണ പ്രവർത്തനം നടത്തുന്നതിൽ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തി. മഴ കൂടുതൽ ശക്തമാകുന്നതോടെ പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. മഴക്കാല രോഗങ്ങളെ തടയാൻ സർക്കാർ ഒരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടില്ല. മാലിന്യ നീക്കം മുടങ്ങിയത് മാധ്യമങ്ങളിൽ ദിവസങ്ങളായി വാർത്തയുണ്ടെങ്കിലും ചെറുവിരലനക്കാൻ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. ജനങ്ങളെ കൊള്ളയടിക്കാൻ പുതിയ അവസരങ്ങൾ തിരയുന്ന സർക്കാർ ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കൽപ്പിയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.