നിങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകും – കെ വിദ്യ

അധ്യാപക ജോലി നേടാൻ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പിടിയിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ. അഗളി പോലീസ് സ്റ്റേഷനിൽനിന്ന് മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു പ്രതികരണം.കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘നിങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങൾക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും’, വിദ്യ പറഞ്ഞു.
താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകിയ വിദ്യ പക്ഷേ ബയോഡാറ്റ തയ്യാറാക്കിയത് താൻ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ ബയോഡാറ്റയിൽ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറുപടി നൽകാൻ വിദ്യ തയ്യാറായില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മറുപടി.