ബിജെപിയുടെ പാർട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തത്: കെ.സി വേണുഗോപാൽ
ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും കാറ്റിൽപ്പറത്തി ബിജെപി നടത്തിയ പാർലമെന്റ് മന്ദിര ഉദ്ഘാടനദിനം പാർലമെന്ററി ജനാധിപത്യത്തിലെ കറുത്തദിവസമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി
രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങളിൽ നിന്ന് ഒഴിവാക്കിയതിന് വിശദീകരണം നൽകാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോത്രവിഭാഗത്തിൽ നിന്നും കഷ്ടപ്പാടുകൾക്ക് ഇടയിലൂടെ രാജ്യത്തിന്റെ പ്രഥമപദവിയിലെത്തിയ വനിതയാണ് ദ്രൗപതി മുർമു. ബിജെപി പി.ആറിനുവേണ്ടി പലപ്പോഴും അവരെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പ്രഥമ വനിത ഇന്ന് ടി.വിയിലൂടെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വീക്ഷിക്കേണ്ടിവന്ന ഗതികേട് ദൗർഭാഗ്യകരമാണ്. ആർഎസ്എസിന്റെ സവർണ്ണ വർഗീയ ഫാസിസ്റ്റ് നിലപാടിന്റെ പ്രതിഫലനമാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാർലമെന്റ് തറക്കല്ലിടൽ ചടങ്ങിലും പ്രഥമവനിത ദ്രൗപതി മുർമുവിനെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും ഒഴിവാക്കിയ തീരുമാനം.
രാജ്യത്ത് ജനം കൊടിയ പട്ടിണിയിലാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ജനങ്ങളുടെ പണമാണ് ഈ മന്ദിരത്തിന്റെ നിർമ്മാണത്തിന് ചെലവാക്കിയത്. ആ കെട്ടിടത്തെ തീവ്രവർഗീയതയുടെയും തൻപ്രമാണിത്വത്തിന്റെയും വേദിയാക്കാൻ ശ്രമിക്കുന്ന മോദി ബിജെപിയുടെ പാർട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തതെന്ന് വിസ്മരിക്കരുത്. സവർക്കറുടെ ദിനം മന്ദിര ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് സവർണ്ണ വർഗീയ അജണ്ടയാണ്. ബ്രട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ സവർക്കർ പാർലമെന്ററി ജനാധിപത്യത്തിന് ഓർമ്മിക്കാൻ പറ്റുന്ന സംഭാവനകൾ നൽകിയ വ്യക്തിയല്ല. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഡോ.ബി.ആർ.അംബേദ്കറുടേയും ഉൾപ്പെടെ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ മഹാരഥൻമാരുടെ ഓർമ്മദിനങ്ങൾ എന്തുകൊണ്ട് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തില്ലെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.