മടങ്ങാനുള്ള ടിക്കറ്റ് ഹാജരാക്കൂ; ജാമ്യഹര്‍ജി അതിനു ശേഷം പരിഗണിക്കാമെന്ന് വിജയ് ബാബുവിനോട് ഹൈക്കോടതി
നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിനോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ, അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.
കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിക്കവേ അന്വേഷണവുമായി സഹകരിക്കുമെന്നും, കോടതി ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്.
വിജയ് ബാബു വിദേശത്താണെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. എങ്കില്‍ തിരിച്ചെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയതിന് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ വിജയ്ബാബു ജോര്ജിയിലാണുള്ളതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാബുവിനെ തേടി ജോര്‍ജിയയിലേക്ക് പോകുന്നത് പരിഗണനയിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.
വിജയ് ബാബു നാളെയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 22 നാണ് യുവനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlight – Kerala High Court Suggested Vijay Babu to come back in india