കെ ഫോൺ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്ക്കരിക്കും;വി ഡി സതീശൻ
കെ ഫോൺ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്ക്കരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നിൽ നടന്ന അഴിമതിയെ എതിർക്കുന്നത് കൊണ്ടാണ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത്. രേഖകൾ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
2017-ൽ കെ- ഫോൺ പ്രഖ്യാപിച്ചപ്പോൾ 18 മാസം കൊണ്ട് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വർഷം കഴിഞ്ഞിട്ടും പതിനാലായിരം പേർക്ക് മാത്രമാണ് കണക്ഷൻ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയർത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികൾ തന്നെയാണ് കെ ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികൾക്കല്ലാതെ മറ്റാർക്കും കരാറുകളൊന്നും കിട്ടില്ല. എസ്.ആർ.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയിൽ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയിൽ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയിൽ നടന്നത്തിയതിനേക്കാൾ വ്യാപക അഴിമതിയാണ് കെ ഫോണിൽ നടന്നത്.
പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സർക്കാർ തീയിടും. ബ്രഹ്മപുരം, മെഡിക്കൽ സർവീസസ് കോർപറേഷൻ അഴിമതികളിലും ഇതാണ് നടന്നത്. സെക്രട്ടേറിറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാൽ അപ്പോൾ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങൾ ഉന്നയിച്ചാൽ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അഴിമതിക്ക് മറയിടാനാണ് സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാനത്തിന്റെ ഏത് കടമെടുപ്പ് പരിധിയാണ് കുറച്ചതെന്ന് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിയിട്ടില്ല. അതിന്റെ വിശദാംശങ്ങൾ ലഭ്യമായാൽ മാത്രമെ അക്കാര്യത്തിൽ പ്രതിപക്ഷത്തിന് പ്രതികരിക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് വന്നിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കാൻ ധനകാര്യമന്ത്രി തയാറാകണം. അല്ലാതെ കാള പെറ്റെന്നു കേട്ട് കയറെടുക്കേണ്ട കാര്യം പ്രതിപക്ഷത്തിനില്ല എന്നും അദ്ദേഹം പറഞ്ഞു.