തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് നടിയുടെ ഹര്‍ജി വന്നത് ദുരൂഹം; ഗുരുതര ആരോപണവുമായി കോടിയേരി
ഉപതെരഞ്ഞെടുപ്പു സമയത്ത് അതിജീവിതയായ നടി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നടിയുടെ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല. അതിജീവിതയുടെ താല്പര്യമാണ് സര്‍ക്കാരിന്റെ താല്പര്യം. സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ അതിജീവിതയെ ചീഫ് ഗസ്റ്റാക്കിയ സര്‍ക്കാരാണ് ഇത്. പരസ്യമായി ഒരു പരിപാടിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്ല സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്.
നടി ആവശ്യപ്പെട്ടയാളെ പ്രോസിക്യൂട്ടറായി നിയമിച്ചു. വനിതാ ജഡ്ജിയെ നല്‍കിയത് നടി ആവശ്യപ്പെട്ടിട്ടാണ്. അന്നുമുതല്‍ ഇന്നുവരെ അതിജീവിതയ്ക്ക് ഒപ്പം നിന്ന സര്‍ക്കാരാണ് ഇത്. കേസില്‍ അറസ്റ്റിലായ ആളുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് അടുത്ത ബന്ധമെന്നും അവരുമായി വേദി പങ്കിട്ടയാള്‍ ഇന്ന് രാജ്യസഭാംഗമാണെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കാക്കിയുള്ള പുതിയ പ്രചാരണമാണ് അതിജീവിതയുടെ വിശയം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം നടത്തുന്നത്. നടിക്ക് പരാതിയുണ്ടെങ്കില്‍ അത് കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ. അവരുടെ കയ്യിലുള്ള വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെയെന്നും കോടതി അത് പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
Content Highlight: kodiyeri on abducted actress’ plea at high court