വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; കോഴിക്കോട് മെഡി.കോളജ് കുരുക്കിലായി
ആശുപത്രിയുടെ അശ്രദ്ധ കാരണം അല്ലെങ്കിൽ നിസാരമായ ഒരു പിഴവ് കാരണം ജീവൻ നഷ്ടമാകുന്ന സംഭവങ്ങളാണ് ഈയിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിൽ വിവാദമായ ഒരു സംഭവമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായെത്തിയ ഹർഷിന എന്ന യുവതിയുടേ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം. ജീവൻ രക്ഷിക്കാനാണ് നാം ആശുപത്രിയിലെത്തുന്നത്. എന്നാൽ ആശുപത്രി തന്നെ ജീവന് ആപത്താകുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് ചുരുക്കം.
ഇപ്പോഴിതാ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. അതായത് 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും നിർദേശമുണ്ട്. അതോടൊപ്പം തന്നെ അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും.
സർക്കാർ ആശുപത്രിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നതാണ് ഏറെ ലജ്ജാവഹം. ഇത്തരം സംഭവങ്ങൾ അറിഞ്ഞാൽ എങ്ങനെയാണ് സാധാരണക്കാരായ ജനം സർക്കാർ ആശുപത്രിയെ വിശ്വസിച്ച് ചികിത്സയ്ക്കെത്തുക. സ്വകാര്യ ആശുപ്ത്രികൾ മുതലെടുക്കുന്നതും ഇത്തരം സംഭവങ്ങൾ തന്നെയല്ലേ ?
ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഹർഷിന മാധ്യമങ്ങളോട് പ്രതികരച്ചിരുന്നു. എത്ര മൂടി വച്ചാലും സത്യം പുറത്ത് വരുമെന്ന് ഹർഷിന പറഞ്ഞു. താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു. വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹർഷിന പറഞ്ഞു.
തന്റെ വയറ്റിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ വിവരം 2022 സെപ്റ്റംബർ 17-നാണ് ഹർഷിന അറിയുന്നത്. നാളുകളായി അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ഇതായിരുന്നുവെന്നും യുവതി തിരിച്ചറിയുകയായിരുന്നു. അതിനുശേഷം നിരവധി തവണ പരാതി സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് ഏഴു ദിവസത്തോളം നീണ്ട സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. തുടർന്ന് സമരം അവസാനിപ്പിച്ചു. നീതി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് സമരം നിർത്തിയത്. എന്നാൽ മന്ത്രിയുടെ ഉറപ്പിൽ തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹർഷിന സമരം പുനരാരംഭിക്കുകയായിരുന്നു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടിരുന്നു.. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹർഷിനയുടെ ആവശ്യം. അല്ലാത്തപക്ഷം കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുമെന്നും ഹർഷിന പറഞ്ഞിരുന്നു. ..ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് ആഭ്യന്തര അന്വേഷണ സമിതിയെ വിശദ അന്വേഷണത്തിനു നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും അതും എങ്ങുമെത്തിയില്ല. ഇപ്പോൾ കോഴിക്കോട് എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തിയത്.
2017 നവംബര്‍ 30നാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. അതിനുശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വർഷം വേദന തിന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. 6.1 സെന്റീമീറ്റർ നീളവും 5.5 സെന്റീമീറ്റർ വീതിയുമുള്ള ആർട്ടറി ഫോർസെപ്സാണു ഹർഷിനയുടെ വയറ്റിൽ നിന്ന് 2022 സെപ്തംബർ 17ന് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇനിയൊരു രോഗിക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം..