ജോ ജോസഫ് വ്യാജവീഡിയോ: അബ്ദുള്‍ ലത്തീഫിന് ലീഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദ്
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായി വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അബ്ദുള്‍ ലത്തീഫിന് മുസ്ലീം ലീഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദ്. ലത്തീഫിന് ലീഗില്‍ പ്രാഥമികാംഗത്വം പോലുമില്ലെന്നും രാഷ്ട്രീയമായി പ്രതിയെ ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ആരോപണം തള്ളി യുഡിഎഫും രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ദിവസം വിഷയം കത്തിക്കാനുള്ള ശ്രമമാണെന്നും പിടിയിലായ വ്യക്തിക്ക് ലീഗുമായി ബന്ധമുണ്ടെന്ന ആരോപണം കള്ളക്കഥയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു.
ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ഇന്നു രാവിലെയാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം.
Content Highlights: Thrikkakkara, Byelection, Muslim League, Fake Video