ശമ്പള പ്രതിസന്ധിയിലെ ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസിയില്‍ നാളെ സൂചന പണിമുടക്ക്; സിഐടിയു പങ്കെടുക്കില്ല
കെഎസ്ആര്‍ടിസിയില്‍ നാളെ സൂചനാ പണിമുടക്ക് നടത്താന്‍ യൂണിയനുകളുടെ ആഹ്വാനം. സംസ്ഥാനത്ത് നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ശമ്പളപ്രതിസന്ധി പരിഹരിക്കുന്നതിനായി ഗതാഗതമന്ത്രി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നാണ് ടിഡിഎഫ്, ബിഎംഎസ് യൂണിയനുകള്‍ പണിമുടക്കിനു ആഹ്വാനം ചെയ്തത്.
ഇന്നു അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന വിഷയത്തില്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പത്താം തീയതി ശമ്പളം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂണിയന് പ്രതിനിധികള്‍ വ്യക്തമാക്കി. പത്താം തീയതി ലഭിക്കുമെന്നതില്‍ യാതൊരു ഉറപ്പുമില്ലെന്നും ഈ മാസം 25-ാം തീയതി മാത്രമേ ശമ്പളം കിട്ടുകയെന്ന് മാനേജ്മെന്റ് പറഞ്ഞതായും യൂണിയന് അംഗങ്ങള്‍ പറയുന്നു. മാത്രമല്ല സര്‍ക്കാര്‍ മനഃപൂര്‍വ്വം തങ്ങളെ സമരത്തിലേക്ക് തള്ളി വിടുകയാണെന്നും യൂണിയന് പ്രതിനിധികള്‍ ആരോപണമുയര്‍ത്തി.
Negotiation failure in pay crisis; Indicative strike at KSRTC tomorrow