കോടിയേരി പറയുന്നത് പച്ചനുണ; യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ വന്നു കണ്ടിട്ടില്ലെന്ന് കുമ്മനം
തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് തന്നെ വന്നുകണ്ടിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഉമ തോമസ് തന്നെ വന്ന് കണ്ടുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പച്ചനുണയാണ്. ജനകീയ പ്രശ്നങ്ങള്‍ സംസാരിക്കാതെ വിവാദങ്ങളിലൂടെയാണ് സിപിഐ എം വോട്ടുപിടിക്കുന്നതെന്നും കുമ്മനം ആരോപിക്കുന്നു.
ബിജെപിയുടെ വോട്ട് തേടിയെന്ന എല്‍ഡിഎഫ് ആരോപണത്തിന് മറുപടിയുമായി ഉമ തോമസും രംഗത്തെത്തിയിരുന്നു. തൃക്കാക്കരയിലെ എല്ലാ വോട്ടര്‍മാരോടും വോട്ട് ചോദിക്കും. അത് കക്ഷിരാഷ്ട്രീയ സംഘടനകളോ മതസംഘടനകളോ എന്ന വേര്‍തിരിവ് നോക്കിയാവില്ലെന്ന് ഉമ തോമസ് പറഞ്ഞു. എല്‍ഡിഎഫ് അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പരസ്യ പ്രചാരണത്തിന് നാല് ദിവസം കൂടിമാത്രം ശേഷിക്കെ പ്രചരണത്തിന്റെ അവസാന ലാപ്പ് ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
Content Highlight – Kummanam Rajashekharan alleges that the LDF is getting votes through controversy