നിയമസഭ സമ്മേളനം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം
വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണം നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയാക്കാനുള്ള തടയാറെടുപ്പിലാണ് പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. എംഎല്‍എ ടി സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ച് നോട്ടീസ് നല്‍കിയത്. അതേസമയം, സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ചര്‍ച്ചയാകും.
ഇതുകൂടാതെ പി ടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ മണ്ഡലം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഉമാ തോമസ്.
രാവിലെ ചേരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ യോഗം ചോദ്യോത്തര വേള മുതല്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. ഭരണപക്ഷം അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതു നിര്‍ണായകവും. കേരള സ്വകാര്യ വനങ്ങള്‍ ഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നീ രണ്ടു ബില്ലുകള്‍ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് അജന്‍ഡയിലുണ്ട്. അടുത്ത മാസം 27-ാം തീയതി വരെ 23 ദിവസങ്ങളിലായാണ് നിയമസഭാസമ്മേളനം നടക്കുക.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനു നേര്‍ക്കുണ്ടായ എസ്എഫ്ഐ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്തെമ്പാടും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.
Content Highlights – Legislative Assembly, Opposition Party gives notice of urgent resolution