വ്യാജ വീഡിയോ; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് മാപ്പുപറയണമെന്ന് എം സ്വരാജ്
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് മാപ്പു പറയണമെന്ന് എം സ്വരാജ്. നാണവും മാനവുമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പ്രതികരണം. പിടിയിലായയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിനിടെ പുകമറ സൃഷ്ടിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു യുഡിഎഫ് നീക്കം. ഇപ്പോള്‍ പ്രതിയെ ഒളിവില്‍ നിന്ന് പൊലീസ് പിടിച്ചിരിക്കുന്നു. ഇതോടെ തൃക്കാക്കരയില്‍ മത്സരിക്കാനുള്ള ധാര്‍മിക അവകാശം യുഡിഎഫിന് നഷ്ടമായി. എതിര് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യാന്‍ യുഡിഎഫ് ചെയ്തതാണ് ഈ വിഡിയോയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
വ്യാജ വീഡിയോ അപ്ലോഡ് ചെയ്തതിന് കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ തെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ വിഷയം ചര്‍ച്ചയാക്കിയിരിക്കുകയാണ് എല്‍ഡിഎഫ്.
Content Highlights: Thrikkakkara, LDF, UDF, ByElection, M Swaraj, KPCC, K Sudhakaran