അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; രണ്ട് സാക്ഷികൾ കൂടി കൂറുമാറി. വിസ്താരം വേഗത്തിലാക്കാനൊരുങ്ങി വിചാരണ കോടതി
അട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് വിസ്താരത്തിന് എത്തേണ്ടിയിരുന്ന രണ്ടു സാക്ഷികളും ഹാജരായില്ല. ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാർ എന്നിവരാണ് വിസ്താരത്തിന് എത്തേണ്ടിയിരുന്നത്. ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയിൽ ഇരുവരും അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ഇരുവരുടേയും വിസ്താരം ഈ മാസം പത്തിലേക്ക് മാറ്റി. ക്രെയിൻ ഡ്രൈവർമാരായ ഇരുവരും സംഭവ ദിവസം അട്ടപ്പാടിയിൽ പോയെന്നും അവിടെ വച്ച് മധുവിനെ കണ്ടെന്നുമാണ് പൊലീസിന് നൽകിയ മൊഴി.
അതേസമയം കേസിൽ വിസ്താരം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വിചാരണ കോടതി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 31ന് അകം വിചാരണ പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.
തുടർ കൂറുമാറ്റങ്ങൾക്കിടെയാണ് അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ പുരോഗമിക്കുന്നത്. രണ്ട് സാക്ഷികൾ കൂടി ഇന്നലെ കൂറുമാറിയിരുന്നു. ഇരുപത്തിനാലാം സാക്ഷി മരുതൻ ആണ് ഒടുവിൽ കൂറുമാറിയത്. ബുധനാഴ്ച വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഇരുപത്തിരണ്ടാം സാക്ഷി മുരുകൻ ഇന്നലെ വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു. സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. ഇരുപത്തിമൂന്നാം സാക്ഷി ഗോകുൽ മാത്രമാണ് പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ട് വരുന്നത് കണ്ടു എന്നായിരുന്നു ഗോകുൽ പൊലീസിന് നൽകിയ മൊഴി. കേസില്‍ ഇതുവരെ വിസ്തരിച്ചതിൽ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ സാക്ഷിയാണ് ഗോകുൽ. കേസിൽ ആകെ 122 സാക്ഷികൾ ആണ് ഉള്ളത്.
സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights – Madhu’s murder in Attapad, Two more witnesses defected