എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്എഫ്ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. കേരളത്തിൽ എസ്എഫ്ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കാരനെ ജയിപ്പിച്ചത്. പിഎസ്സി പരീക്ഷയിൽ പോലും എസ്എഫ്ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.