മഹാത്മാ ഗാന്ധി രക്തസാക്ഷിദിനം; നിയമസഭയില്‍ പുഷ്പാര്‍ച്ചന നടത്തി സ്പീക്കര്‍ എ എൻ ഷംസീര്‍
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ പുഷ്പാർച്ചന നടത്തി സ്പീക്കർ. ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും, അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന തന്ത്രത്തിൻ്റെ ഭാഗമായിരുന്നുവെന്ന് സ്പീക്കർ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമാണ്.
നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാർച്ചന നടത്തി.
ഗാന്ധിജി വർഗീയവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് 76 വർഷങ്ങള്‍ പിന്നിടുകയാണ്.
എല്ലാ വിഭാഗം ജനങ്ങളും സമാധാനത്തിലും സഹോദര്യത്തിലും ജീവിക്കുന്ന ഒരു ഇന്ത്യയെ സ്വപ്നം കണ്ട ഗാന്ധിജി, ഒരു ഘട്ടത്തിലും ഇത്തരം വർഗീയവാദികളുടെ ഇംഗിതത്തിനൊത്ത് നിലകൊണ്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും, അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന തന്ത്രത്തിൻ്റെ ഭാഗമായിരുന്നു.
ഇന്ന് ജനാധിപത്യവും മതനിരപേക്ഷതയും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. വർഗീയ ശക്തികള്‍ അധികാരം നേടാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നു.
ഇത്തരക്കാർ ആരാധനാലായങ്ങളെ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം വർദ്ധിപ്പിക്കുന്നു. അവർ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത് സമൂഹത്തില്‍ അസ്വസ്ഥതയും അക്രമവും വളർത്തുന്നു.
ജനാധിപത്യവും മതനിരപേക്ഷതയും നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനതത്വങ്ങളാണ്. അവയെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. വർഗീയ ശക്തികളുടെ പ്രവർത്തനങ്ങള്‍ നേരിടാൻ നമുക്ക് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ, മ്യൂസിയങ്ങള്‍, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിയും നിയസഭാംഗങ്ങളും പങ്കെടുത്തു.