വീട്ടിലെ പ്രസവത്തിൽ മലപ്പുറം ഒന്നാം സ്ഥാനത്ത്; കുഞ്ഞുങ്ങളെയും മാതാവിനെയും കൊലക്ക് കൊടുക്കരുത്

കോഴിക്കോട് കോട്ടൂളിയിൽ വീട്ടില്‍ പ്രസവിച്ച സംഭവത്തിൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് അനുവദിക്കാതെ, അധികൃതർ മനഃപൂർവ്വം ബുദ്ധിമുട്ടിക്കുകയാണെന്ന ദമ്പതികൾ പറയുന്നു. 2024 നവംബർ 2നാണ് കോട്ടൂളി സ്വദേശിനി ആസ്ന ജാസ്മിൻ വീട്ടിൽ പ്രസവിക്കുന്നത്. ആസ്നയുടെ ഭർത്താവ് ഷറാഫത്താണ് പ്രസവ ശുശ്രൂഷകൾ നിർവഹിച്ചത്. എന്നാലിപ്പോള്‍ സാങ്കേതിക കാരണങ്ങളുന്നയിച്ച് അധികൃതർ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യാത്തതിനാലും, കുഞ്ഞ് ജനിച്ചത് വീട്ടിലാണെന്നതിന് തെളിവില്ലാത്തതിനാലും ജനന സർട്ടിഫിക്കറ്റ് അനുവദിക്കാനാകില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പ്രസ്തുത തീയതിയിൽ പ്രസ്തുത വിലാസത്തിൽ കുട്ടി ജനിച്ചതായുള്ള രേഖകൾ സമർപ്പിച്ചാൽ ജനന സർട്ടിഫിക്കറ്റ് നൽകാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
നമ്മൾ കുഞ്ഞിനേയും കൊണ്ട് ഒരു ദിവസം ചെന്ന് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ അത് തരാൻ അവർക്ക് കഴിയില്ല. ആരോഗ്യകരമായ പ്രസവം, വാക്സിനേഷൻ, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ ഈ കുട്ടികൾക്കുമുണ്ട്. ഇനി അതൊക്കെ മാറ്റി വച്ച് ചിന്തിച്ചാലും, കണ്ണുമടച്ച് സർട്ടിഫിക്കറ്റ് കൊടുക്കാൻ നിലവിൽ സാധിക്കില്ല. കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലേ അതിന് കഴിയൂ. അത് ഡിഎന്‍എ പരിശോധനകൾ നടത്തി തെളിയിക്കണം. അതിന് ശേഷമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. .
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലാണ് സംസ്ഥാനത്തെ മാതൃ – നവജാത ശിശു മരണനിരക്ക് ഇന്ന് കാണുന്ന നിലയില്‍ കുറയ്ക്കാൻ സാധിച്ചത്. അതുകൊണ്ട് തന്നെ വീട്ടിലെ പ്രസവങ്ങൾ ഒരിക്കലും സുരക്ഷിതമല്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാം.
ഒരു കാലത്തു നവജാത ശിശുക്കളുടെ മരണ നിരക്ക് വളരെ ഉയർന്നതായിരുന്നു. വയറ്റാട്ടികൾ കൈകാര്യം ചെയ്തിരുന്ന പ്രസവങ്ങളിൽ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. അക്കാലത്ത് സ്വന്തം വീട്ടിലേക്ക് പ്രസവത്തിന് കൊണ്ടുപോകുമ്പോൾ പെൺകുട്ടികളെ കണ്ണീരോടെയാണ് യാത്രയാക്കിരുന്നത്. കാരണം പെൺകുട്ടി തിരികെ വരുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് അന്നുണ്ടായിരുന്നത്. ഇന്ന് പ്രസവം ഒരു ആഘോഷമാക്കുന്ന കാലമാണ് ഉള്ളത്. അതിലേക്ക് നമ്മളെ നയിച്ചത് നല്ല ആശുപത്രികളും മോഡേൺ മെഡിസിനും തന്ന്നെയാണ്.
കേരളത്തിൽ വീട്ടിൽ പ്രസവിക്കുന്നതിന് ഓൺലൈൻ പ്രചാരണം സജീവമായിരുന്നു. വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം. ഡോക്ടർമാരും അധ്യാപകരും വരെ ഇത്തരം ഗ്രൂപ്പുകളിൽ സജീവമായിരുന്നു. ഇത്തരക്കാരുടെ കുടുംബ സംഗമങ്ങളും നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.
2023 മാർച്ച് മുതൽ 2024 മാർച്ച് വരെ കേരളത്തിൽ 523 വീട്ടുപ്രസവങ്ങളാണുണ്ടായത്. 2024 ൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാത്രം 200 വീട്ടുപ്രസവങ്ങൾ. ഏറ്റവുമധികം വീട്ടുപ്രസവം മലപ്പുറത്താണെന്ന് അഡ്വ. കുളത്തൂർ ജയ്സിംഗിന് ആരോഗ്യവകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം 253 പ്രസവങ്ങളാണ് മലപ്പുറത്ത് ഉണ്ടായത്. അഞ്ചുവർഷം തുടർച്ചയായി മലപ്പുറത്ത് ഇരുനൂറിൽ കൂടുതൽ ഇത്തരം പ്രസവമുണ്ടായിട്ടുണ്ട്.
ആശുപത്രിയില്‍ പോയാല്‍ അവര്‍ അടിവയറ്റില്‍ കത്തിവയ്ക്കുമെന്ന കുടുംബക്കാരുടെയും മുന്‍പ് പ്രസവിച്ച അനുഭവസ്ഥരുടെയും ഉപദേശം കേട്ട് ഇക്കാലത്തും ചിലര്‍ പ്രസവം വീട്ടില്‍ തന്നെയാക്കാന്‍ ശ്രമിക്കുന്നു. ഇത് എന്തുമാത്രം അപകടകരമാണെന്ന് ചിന്തിക്കാൻ പോലും ഇവർ തയ്യാറാവുന്നില്ല.
വീട്ടിൽ ശുഭമായി പ്രസവിക്കൻ എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. മനുഷ്യ ജീവൻ വെച്ചുള്ള ഈ ചൂതാട്ടത്തിൽ ഒരുപാട് പേർ തോറ്റിട്ടുണ്ട്. ഇന്ന് മാതൃ-ശിശു മരണ നിരക്കുകൾ ഇത്രയും കുറഞ്ഞതിന് കാരണം ഗർഭകാലം മുതൽ എല്ലാ പരിചരണങ്ങളും ആശുപത്രികളിൽ നടക്കുന്നത് കൊണ്ടാണ്. ജനിക്കുന്ന കുഞ്ഞ് കരയാൻ 5 മിനിട്ട് വൈകിയാൽ, അതിനിടയിൽ കൃത്യമായ മെഡിക്കൽ സപ്പോർട്ട് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആ കുട്ടി ജീവിച്ചാൽ പോലും തലച്ചോർ വളർച്ചയില്ലാതെ ജീവിതകാലം മുഴുവൻ കുടുംബത്തിന് തന്നെ ഒരു നൊമ്പരമായി ജീവിക്കും.
അതുകൊണ്ട് പ്രസവങ്ങൾ വീടുകളിൽ വെച്ച് നടത്തില്ലെന്ന് തീരുമാനിക്കുക. അക്യൂപങ്ചർ ചികിത്സ നടത്തുന്നവരും, ഹിജാമ ചികിത്സകരും ഒക്കെ അവരുടെ വഴികൾ നോക്കിക്കൊള്ളും. അവരുടെ ഉപദേശം കേട്ട് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെയും മാതാവിന്റെയും ജീവൻ അപകടത്തിലാക്കരുത്.