ചലചിത്ര താരം വി പി ഖാലിദ് അന്തരിച്ചു; മരണം വൈക്കത്തെ ഷൂട്ടിങ് ലൊക്കേഷനില്‍
ചലചിത്ര നടന് വി പി ഖാലിദ് അന്തരിച്ചു. കോട്ടയം വൈക്കത്തെ സിനിമ ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ വീഴുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഖാലിദ് കുഴഞ്ഞ് വീണത്. ടൊവിനോ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്. ഛായാഗ്രഹകാരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന് ഖാലിദ് റഹ്മാന് എന്നിവര്‍ മക്കളാണ്.
മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്നത്. മകന് ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത അനുരാഗ കരിക്കിന് വെള്ളത്തിന്റെ ബാന്റ് മണിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നിരവധി സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഖാലിദ് അഭിനയം കൂടാതെ നാടകം, മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. പ്രൊഫഷണല്‍ നാടകവേദികളിലും ഖാലിദ് സജീവമായിരുന്നു.
Content Highlights – Malayalam Senior Actor Khalid Passed Away