സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം; ജൂണ്‍ 9 മുതലെന്ന് മന്ത്രി സജി ചെറിയാന്
സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് ട്രോളിങ് ഉണ്ടാവുക. 52 ദിവസം മത്സ്യബന്ധന നിരോധനം ആയിരിക്കുമെന്ന് മന്ത്രി ഔദ്യോഗികമായി അറിയിച്ചു.
മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന് നേതാക്കന്മാര്, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ തൊഴിലാളികള്‍ക്കും, മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാന് ഉറപ്പ് നല്കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി.
Content Highlight – The minister Saji Cheriyan officially announced a 52-day fishing ban