തിരുവനന്തപുരത്തു നിന്ന് കാണാതായ പൈലറ്റ് ട്രെയിനിയെ കണ്ടെത്തി; നാടുവിട്ടത് പരിശീലകനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ ശേഷം
തിരുവനന്തപുരത്തു നിന്നു കാണാതായ പൈലറ്റ് ട്രെയിനായ പെണ്‍കുട്ടിയെ കണ്ടെത്തി. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ ട്രെയിനിയായ പെണ്‍കുട്ടി പരിശീലകനെതിരെ പരാതി നല്കിയ ശേഷം നാടുവിടുകയായിരുന്നു. കന്യാകുമാരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടു മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഏവിയേഷന്‍ അക്കാഡമിയിലെ ചീഫ് ഫ്ളൈയിംഗ് ഇന്‍സ്ട്രക്ടറായ രാജേന്ദ്രനെതിരെയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമ പരാതി നല്‍കിയത്.
പരിശീലനത്തിനിടെ ഇയാള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നല്കിയ പരാതിയില്‍ വലിയതുറ പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സ്ഥാപനത്തില്‍ നിന്നും സഹപാഠികളില്‍ നിന്നും അവഹേളനം നേരിടുന്നതായും തന്നെ ഉപദ്രവിച്ചവര്‍ സ്ഥാപനത്തില്‍ വിലസുകയാണെന്നും ബന്ധുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.
20 മണിക്കൂറിലേറെ തിരഞ്ഞതിന് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് കന്യാകുമാരിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Content Highlight: Missing pilot trainee found after hours of search