മങ്കി പോക്സ്; ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ലോകാരോഗ്യ സംഘടന യുടെ അഞ്ച് മേഖലകളില്‍ ഒരേസമയം കേസുകളും ക്ലസ്റ്ററുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടസാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
2022 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 22 വരെ, 50 രാജ്യങ്ങളില്‍ ആകെ 3413 മങ്കി പോക്സ് കേസുകളും ഒരു മരണവും ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ മേഖലയിലും (86%), അമേരിക്കയിലും (11%) നിന്നാണ്.
ഈ മേഖലകളിലും സമൂഹത്തിലും രോഗ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം. ആശുപത്രി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം. രോഗം പൂര്‍ണമായും ഭേദമാകു ന്നതു വരെയുള്ള രോഗിയുടെ ഐസൊലേഷന്‍, അള്‍സറില്‍ നിന്നുള്ള സംരക്ഷണം, രോഗലക്ഷണത്തിനനുസരിച്ചുള്ള ചികിത്സകള്‍, തുടര്‍ച്ച യായ നിരീക്ഷണം, സമയോചിതമായ ചികിത്സ എന്നിവ മരണനിരക്ക് തടയാന്‍ സഹായിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി തുടരുന്നതിനാല്‍, മറ്റ് പൊതുജനാരോഗ്യ ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവയെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറാകുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
Content Highlights – The Union Health Ministry has issued a warning to take necessary precautions Against Monkey Pox