മങ്കിപോക്സ്; ഗള്‍ഫില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക് രോഗ ലക്ഷണങ്ങള്‍; ആശുപത്രിയില്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് ആശങ്കയായി മങ്കി പോകസ്. രോഗലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. വിദേശത്തു നിന്നെത്തിയ യുവാവിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്രവത്തിന്റെ പരിശോധന ഫലം വന്നാല്‍ മാത്രമേ മങ്കി പോക്സ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ.
മംഗളൂരു വിമാനത്താവളം വഴിയാണ് യുവാവ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. നിലവില്‍ യുവാവ് പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്.
ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ജൂലൈ 14-ാം തീയതിയാണ് വിദേശത്തു നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി എല്ലാവരെയും നിരീക്ഷിക്കുകയാണ്. മാറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, സംസ്ഥാനത്ത് മങ്കിപോക്സ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവര്‍ എത്തുന്നുണ്ടോയെന്ന് സ്ക്രീന്‍ ചെയ്യും. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights – Monkey Pox, Youth Under observation at Kannur Pariyaram Medical College Hospital with symptoms